കഥകളും കവിതകളും ഞാന്‍ പഠിച്ചുതുടങ്ങിയത്
കെ പരമേശ്വരന്‍ പിള്ള എന്ന എന്റെ ചിറ്റപ്പനില്‍  നിന്നാണു.
തിരുവനന്തപുരം ഏജീസ് ഓഫീസില്‍ ജോലിചെയ്തിരുന്ന ചിറ്റപ്പന്‍ വരുമ്പോഴൊക്കെ ഞങ്ങള്‍ കൂടെ കൂടും.

ചിറ്റപ്പനു വൈകിട്ട് ഊണുകഴിഞ്ഞാല്‍ കുറച്ചുസമയം നടക്കണം.
നടക്കുമ്പോള്‍ ഞാനും ചേട്ടനും രണ്ടുകൈകളിലും പിടിച്ച് കൂടെ നടക്കും.

ആദ്യം ഒരു പദ്യമാണു ചിറ്റപ്പന്‍ ഞങ്ങളെ പഠിപ്പിക്കുക
ഓരോവരികളായി  പറഞ്ഞുതരുന്നത്
ആദ്യം ചേട്ടനും പിന്നെ ഞാനും ഏറ്റുപാടും
അങ്ങിനെ പലതവണ പാടി ആ പദ്യം മനസില്‍ ഉറപ്പിക്കും.
പദ്യം കഴിഞ്ഞാല്‍ ഒരു കഥ  അതാണു പതിവ്.

ചിറ്റപ്പന്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഓരോ പുസ്തകം സമ്മാനമായി തരും. അങ്ങിനെ കിട്ടിയ ഒരു  ചെറുപുസ്തകമാണു
സി എ കിട്ടുണ്ണി എഴുതിയ "കാക്ക"

കഥഎഴുതണം എന്ന തീപ്പൊരി എന്റെ മനസിലേയ്ക്ക് ആദ്യമായി വീഴിച്ച  ആ പുസ്തകത്തില്‍ എന്താണുണ്ടായിരുന്നത്?
അത് ഞാന്‍ വായിച്ചിട്ടുണ്ടോ എന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പില്ല.
ഇല്ല, വായിച്ചുകാണില്ല. അതിനുമുന്‍പേ അതിന്റെ പുറം കവറില്‍ ഉണ്ടായിരുന്ന ഒരു വാചകം എന്റെ മനസില്‍ ചാട്ടുളിപോലെ പതിഞ്ഞിരുന്നല്ലോ

എന്റെ ഊണും ഉറക്കവും കുറെ ദിവസം കെടുത്തിയ ആ കൊച്ചുവാചകം അത് ഇപ്പോഴും മറന്നിട്ടില്ല മറക്കുകയും ഇല്ല.

"ഗ്രന്ഥകര്‍ത്താവിനു കാഴ്ച്ചക്കുറവ് വന്നതിനാല്‍  മറ്റൊരാള്‍ക്ക്പറഞ്ഞു കൊടുത്ത്  എഴുതിച്ചതാണീ ഗ്രന്ഥം."

നിര്‍ദ്ദോഷമായ, ആരുനോക്കിയാലും ഒരുപ്രത്യേകതയും തോന്നാത്ത
ഒരു ചെറുവാചകം
എന്താണന്നറിയില്ല ആയിരം വര്‍ണ്ണങ്ങള്‍ എന്റെ മനസില്‍ ഉണര്‍ത്തി

ഞാന്‍ ആ വാചകം വീണ്ടും വീണ്ടും വായിച്ചു.
വായിക്കും തോറും എന്താണെന്ന് എനിക്ക് ഇപ്പോള്‍ പോലും അറിയാത്ത
ഒരു അനുഭൂതി.

കണ്ണിനു കാഴ്ച്ചയില്ലാത്ത ഒരാള്‍  കണ്ണുള്ളവര്‍ കാണുന്ന ലോകത്തിലെ കാര്യങ്ങള്‍ ഇരുട്ടില്‍ നിന്നും മനക്കണ്ണില്‍ കണ്ട് പറയുന്നു.
മറ്റൊരാള്‍ അത് എഴുതി എടുക്കുന്നു.
ആ രംഗം ഞാന്‍ അന്ന് സ്വപ്നത്തില്‍ കണ്ടു എന്നാണു തോന്നുന്നത്.

എന്തായാലും ആ തീപ്പൊരി പതുക്കെപ്പതുക്കെ പുകഞ്ഞുതുടങ്ങിയപ്പോള്‍ ഞാന്‍ അസ്വസ്ഥനായി  എന്നതാണു സത്യം.
എനിക്കുംവേണം ഇങ്ങിനെ ഒരു വാചകം .
ഊണിലും ഉറക്കത്തിലും അതായി ചിന്ത.
ചിന്ത പതുക്കെ ഒരു കഷണം പേപ്പറിലേയ്ക്ക് പകര്‍ന്നു.

"ഗ്രന്ഥകര്‍ത്താവിന്റെ എട്ടാം വയസില്‍ സ്വന്തമായി എഴുതിയതാണു
ഈ ഗ്രന്ഥം. കണ്ണിനുകാഴ്ച്ചയുള്ളപ്പോള്‍ മറ്റൊരാളേക്കൊണ്ട് എഴുതിക്കേണ്ടതില്ലല്ലോ....... "

അങ്ങിനെ എന്റെ ആദ്യപുസ്തകത്തിന്റെ പുറം ചട്ടയില്‍ വരേണ്ട വാചകം എഴുതിക്കൊണ്ട് ഞാന്‍ സാഹിത്യലോകത്തിലേയ്ക്ക് കാലെടുത്തുവെച്ചു.

ഇങ്ങിനെ കാലെടുത്തുവെച്ചവര്‍ വേറെ എവിടെ എങ്കിലും ഉണ്ടാകുമോ?
ഒരു പക്ഷേ അങ്ങകലെ മാഞ്ചെസ്റ്ററിലോ മഞ്ചൂക്കോയിലോ ഉണ്ടായിരുന്നിരിക്കാം  എന്നാല്‍ ഒരിക്കലും അവിടങ്ങളിലേ  ഇത്തരം വാര്‍ത്തകള്‍ നമ്മളറിയാറില്ലല്ലോ

 എട്ടുവയസുകാരന്‍ കൊച്ചു സാഹിത്യകാരനു പിന്നീട് മുന്നോട്ടുപോകാന്‍  നോക്കിയപ്പോഴാണു പ്രശ്നം ഗുരുതരമാണെന്ന് മനസിലായത്.
ഈ പുറം ചട്ടയ്ക്കകത്ത് ഒരു സാഹിത്യഗ്രന്ഥം വേണ്ടേ?
അത് ഇനി എങ്ങിനെ ശ്രുഷ്ടിക്കും?

 ഒരുപാട് ആലോചിച്ചു ഒരു ആശയവും മനസിലേയ്ക്ക് എത്തി നോക്കുന്നുപോലും ഇല്ല
എന്നാലും തോറ്റുകൊടുക്കുവാന്‍ ഞാന്‍ തയാറല്ലായിരുന്നു.

വാകീറിയ ദൈവം ഇരയും തരും അത് നമ്മള്‍ കണ്ടെത്തണമെന്നല്ലേയുള്ളു ചിറ്റപ്പന്‍ പറഞ്ഞുതന്ന വരരുചിയുടെ കഥയില്‍ അതല്ലേ പറയുന്നത്

തന്നെപറ്റാത്തസ്ഥിതിക്ക് മോഷണം തന്നെ ഞാന്‍ തീരുമാനിച്ചു
പക്ഷേ എവിടുന്ന്?
ചിറ്റപ്പന്‍ പറഞ്ഞുതന്ന കഥകളില്‍ കുറച്ച് എടുത്താല്‍ മതിയല്ലോ. സമാധാനത്തോടെ അന്ന് ഞാന്‍ ഉറങ്ങി
പിറ്റേന്ന് രാവിലെ സാഹിത്യരചന തുടങ്ങി
അപ്പോളാണു മനസിലായത് മോഷണ രീതി മാറ്റിയേപറ്റൂ എന്ന്.
കാര്യം നിസ്സാരം എന്റെ എഴുത്ത്  രണ്ടു വാചകങ്ങള്‍ക്കപ്പുറം പോകുന്നില്ല.

പഴയ ഒരു മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് എടുത്ത് അതിലെ ഒരു കഥ
ഞാന്‍ പേപ്പറിലേക്ക് പകര്‍ത്തിത്തുടങ്ങി.
കഥയുടെ പേരുമാത്രം വിട്ടു.
പുതിയപേരില്‍ വേണമല്ലോ എന്റെ കഥ
അല്ലെങ്കില്‍  ആരെങ്കിലും കണ്ടുപിടിച്ചാലോ.
എഴുതിത്തുടങ്ങിയപ്പോഴാണു മറ്റൊരു കടമ്പമനസിലായത്
ഒരു ദിവസം എഴുതിയിട്ടും കഥയുടെ ആദ്യഭാഗം പോലും തീരുന്നില്ല.
ആ ശ്രമവും ഞാന്‍ പകുതിവഴിയില്‍ വിട്ടു.

പിന്നെ എടുത്തത് മാതൃഭൂമിയിലെ ബാല പംക്തിയാണു
അവിടെ  ഒരു കൊച്ചുകഥ കണ്ടു
"കൃഷിക്കാരനും കഴുതയും"
 സന്തോഷമായി ഇതായിരിക്കാം ദൈവം എനിക്കായി കരുതിവച്ചിരിക്കുന്നത്. കൃഷിക്കാരനും കഴുതയും എന്നത് കൃഷിക്കാരിയും കുതിരയും  എന്ന് മാറ്റി

എനിക്ക് വലിയ സന്തോഷം
ദൈവമേ അങ്ങെനിക്ക് വെളിവാക്കിത്തന്നിരിക്കുന്നു
ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ഒരു ബുദ്ധിമാനായ കള്ളനായിരുന്നു എന്ന് അല്ലാഎങ്കില്‍ ഈ എട്ടാമത്തെ വയസില്‍ ഇങ്ങിനെ ഒരു കഥ അടിച്ചുമാറ്റാന്‍ ബുദ്ധിതോന്നുമോ
ഏതായാലും ആവിദ്യയും എനിക്ക് പൂര്‍ത്തീകരിക്കാനൊത്തില്ല
അച്ചടിക്കുമ്പോള്‍ ഒരു പേജ് കിട്ടാന്‍ ഒരുപാട് പേജുകള്‍ വേണമെന്നുള്ള തിരിച്ചറിവ് എന്നെ ഞെട്ടിച്ചു.

അധികം വലിപ്പമില്ലാത്ത അടിച്ചുമാറ്റാന്‍ എളുപ്പമുള്ള ഒരു കഥ
പിന്നെ കുറെ നാള്‍ എന്റെ അന്വേഷണം ആ വഴിയായിരുന്നു.
ദൈവം എന്നെ കൈവിട്ടില്ല
സ്കൂളിലെ സരസമ്മ സാറിന്റെ മേശക്കുള്ളില്‍ പഴയ ഒന്നാം പാഠപുസ്തകം ഇരിക്കുന്നത് ദൈവം   അനുഗ്രഹിച്ചതുപോലെ ഒരുദിവസം ഞാന്‍ കണ്ടു.

അന്ന് വൈകിട്ട് സ്കൂള്‍ പിരിഞ്ഞ് എല്ലാവരും പോയസമയം
ഞാന്‍ ആരും അറിയാതെ അവിടെ ചെന്നു
ഭാഗ്യം! ഡ്രോ പൂട്ടിയിട്ടില്ല
ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ആ പുസ്തകം എടുത്തു
പിന്നെ വീട്ടിലേയ്ക്ക് ഒറ്റ ഓട്ടം
വീട്ടില്‍ പുസ്തകങ്ങള്‍ക്കിടയില്‍ അത് ആരും കാണാതെ ഒളിപ്പിച്ചു.
എന്തൊരു സമാധാനം
ഇനി എന്റെ ഗ്രന്ഥം പുറത്തിറങ്ങും ഉറപ്പ്
അടിച്ചുമാറ്റിയതാണെന്ന് ഒന്നാം പാഠപുസ്തകം എഴുതിയുണ്ടാക്കിയവനുപോലും മനസിലാകാത്തവിധത്തില്‍ കഥയെ ഞാന്‍ മാറ്റും

എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്.എന്റെ ഉള്ളില്‍ ഒരു കാട്ടുകള്ളന്‍ ഒളിച്ചിരുപ്പുണ്ട് എന്ന് എനിക്ക് അന്നു മുതല്‍ തോന്നിയിട്ടുണ്ട്.

എന്റെ പ്രതീക്ഷ തെറ്റിയില്ല
ആമയെ കഴുതയായും മുയലിലെ കുതിരയായും മാറ്റി
ഞാന്‍ ആമയും മുയലുംകൂടിയുള്ള ഓട്ടത്തിന്റെ കഥ പരിഷ്കരിച്ച്
എന്റെ സ്വന്തമാക്കി.

അങ്ങിനെ ആപുസ്തകത്തിലെ 4 കഥകളും  പരിഷ്കരിച്ച് ഞാന്‍
എന്റെ ആദ്യ ഗ്രന്ഥം പൂര്‍ത്തീകരിച്ചു.
അതിനു ഒരു പേരും കണ്ടെത്തി
"നാലു നല്ലകഥകള്‍".

നോട്ടുബുക്കില്‍ നിന്നും  കീറിയെടുത്ത പേപ്പറുകളിലാണു കഥാ രചന കവര്‍പേജ് എഴുതി അതില്‍ മഞ്ഞചായപെന്‍സില്‍ കൊണ്ട് ഭംഗിവരുത്തി ബാക്ക്കവര്‍ ആദ്യം തന്നെ തയാറാക്കിയിട്ടുള്ളതും ചേര്‍ത്ത് പുസ്തകം പൂര്‍ത്തീകരിച്ചു.

എഴുതിതയാറാക്കിയ പുസ്തകം ഞാന്‍ ഒരുതവണ അഭിമാനത്തോടെ വായിച്ചു. ഈ പുസ്തകം മറ്റുള്ളവരെ കാണിക്കുന്നതിനെപ്പറ്റി ചിന്തിച്ചപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി.

സ്വപ്ന ലോകത്തുനിന്നും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഒരു വീഴ്ച്ച.
ക്ലാസിലെ നോട്ടുബുക്കിന്റെ പേജുകളാണു ഞാന്‍ കീറിപ്പറിച്ചെടുത്തിരിക്കുന്നത്.
പോരെങ്കില്‍  ഉള്ളടക്കം തന്ത്രപൂര്‍വ്വം മോഷ്ടിച്ചതും
എന്റെ പുലിയന്നൂര്‍ തേവരേ, ഇത് പുറത്തെടുത്താല്‍ ഞാന്‍ കുടുങ്ങുമല്ലോ.
മധുരിച്ചിട്ട് തുപ്പാനും കയിച്ചിട്ട് ഇറക്കാനും പറ്റുന്നില്ല.

പുസ്തകം ഞാന്‍ സ്കൂള്‍ ബാഗിന്റെ പുറത്തെ  അറയില്‍ ഒളിപ്പിച്ചു.
പഴയ ഒന്നാം പാഠപുസ്തകം സുരക്ഷിതമായി സരസമ്മ സാറിന്റെ മേശയ്ക്കുള്ളിലും എത്തിച്ചു.

പിന്നെ കുറെ ദിവസങ്ങള്‍ നിധികാക്കുന്ന ഭൂതത്തെപ്പോലെ
ഞാന്‍ ആ പുസ്തകം ആരും കാണാതെകൊണ്ടുനടന്നു.
പുറത്തെടുക്കാന്‍ പറ്റാത്തതുകൊണ്ടാവും  പിന്നെപതുക്കെപ്പതുക്കെ   ഈ പുസ്തക കഥ മറവിയിലേയ്ക്ക് നീങ്ങി.

കുന്നേല്‍ സ്കൂളിന്റെ തൊട്ടുതാഴെയാണു എന്റെ വീട്.
ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഞാന്‍ വന്നപ്പോള്‍ സ്കൂളില്‍ ആകെ ബഹളം കുട്ടികള്‍ എല്ലാവരും വട്ടം കൂടി നില്‍ക്കുന്നു
എന്റെ കൂട്ടുകാരന്‍ ബാലന്‍ എന്തോ ഒന്ന് ഉച്ചത്തില്‍ വായിക്കുന്നു.

ഈശ്വരാ ഞാന്‍ ഞെട്ടിപ്പോയി
എന്റെ പരമരഹസ്യമായി വെച്ചിരുന്ന ആദ്യ ഗ്രന്ഥം നാലു നല്ല കഥകള്‍  ആണു അവന്‍ എടുത്ത് പൊക്കിപ്പിടിച്ച് വായിക്കുന്നത് കുട്ടികള്‍ മാത്രമല്ല സരസമ്മ സാറും,കമലമ്മസാറും,ദേവകി സാറും എല്ലാം ആ വായന കേട്ടുനില്‍ക്കുന്നു.

എന്നെക്കണ്ടതും ബാലന്‍ വായന നിര്‍ത്തി
വലിയ സന്തോഷത്തോടെ അവന്‍ എന്നെ നോക്കി വിളിച്ചുപറഞ്ഞു

"കിട്ടുവെടാ നിനക്ക് ഇന്ന് നാലെണ്ണം, തൊമ്മന്‍ സാര്‍ ഇങ്ങ് വന്നോട്ടെ.!!"

ഞാന്‍ വിറച്ചുപോയി
4 എ യില്‍ ക്ലാസ് ടീച്ചറാണു തൊമ്മന്‍ സാര്‍.
സാര്‍ ഒന്ന് ഇരുത്തിമൂളിയാല്‍  കുട്ടികള്‍ വിറയ്ക്കും
കുറ്റകൃത്യങ്ങളോട് ഒരു മയവും ഇല്ലാത്ത സമീപനമാണു സാറിന്റേത് എണ്ണതേച്ചതുപോലെ മിനുങ്ങുന്ന ഒരു ചൂരലാണു സാറിന്റെ ആയുധം.
ക്ലാസിലെ മര്യാദ ക്കുട്ടിയായ ഞാന്‍ ഇന്നുവരെ ആചൂരലിന്റെ ചൂട് അറിഞ്ഞിട്ടില്ല
എന്നാലും മറ്റുകുട്ടികള്‍ക്ക് അടികിട്ടുന്നതുകണ്ട് ഞാന്‍  പേടിച്ച് വിറച്ചിട്ടുണ്ട്. ഇതെല്ലാം ഓര്‍ത്തപ്പോള്‍ എന്നെ വിയര്‍ത്ത് ഒഴുകാന്‍ തുടങ്ങി

"എന്താ ഇവിടെ ഒരു ബഹളം"  എന്ന് ചോദിച്ചുകൊണ്ട് തൊമ്മന്‍ സാര്‍ കയറി വന്നു.  ബാലന്‍ വിറയ്ക്കുന്ന കൈകളോടെ എന്റെ പുസ്തകം സാറിനെ ഏല്‍പ്പിച്ചു.

"ഈ വര്‍ഷത്തെ നോട്ടുബുക്കിന്റെ കടലാസു കീറിയെടുത്താണീ  കാണിച്ചു കൂട്ടിയിരിക്കുന്നത്. പഠിക്കാനുള്ള സമയത്ത് ഇതൊക്കെയാണിവന്റെ കലാപരിപാടി"
സരസമ്മസാറിന്റെ വിവരണം തുടങ്ങി

ഭൂമിപിളര്‍ന്ന് എന്നെ അങ്ങുവിഴുങ്ങിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ശരിയ്ക്കും ആഗ്രഹിച്ച് നിന്ന ആനിമിഷങ്ങളില്‍ തൊമ്മന്‍ സാര്‍ പുസ്തകത്തില്‍ നിന്നും കണ്ണ് ഉയര്‍ത്ത് എന്നെ ഒന്നു നോക്കി എന്നിട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചു.

"ഗ്രന്ഥകര്‍ത്താവിന്റെ എട്ടാം വയസിലെ ഴുതിയ ഗ്രന്ഥം ഹ..ഹ..ഹാ!!"
 സാറിനു ചിരി അടക്കാന്‍ കഴിയുന്നില്ല.
എല്ലാവരും നിശബ്ദരായി നിന്നുപോയി
സൂചിവീണാല്‍ കേള്‍ക്കാന്‍ പറ്റുന്നത്ര നിശബ്ദത.

"ഇതിലെ ആദ്യകഥ  ആമയുടേയും മുയലിന്റേയും കഥ മോഷ്ടിച്ചതാണു, സാരമില്ല എത്ര മനോഹരമായാണു അതിന്റെ രൂപം മാറ്റിയിരിക്കുന്നത് മുയല്‍ ഉറങ്ങിയതിനെ  കുതിരമഴവന്നപ്പോള്‍  മരച്ചുവട്ടില്‍  കയറിനിന്നെന്ന് ആക്കാന്‍ ഇവനു പറ്റിയത് ഇവന്റെ ഉള്ളില്‍ ഒരു സാഹിത്യകാരന്‍  ഉള്ളതുകൊണ്ടാണു. മുളയിലെ അറിയാം വിളയിലെ കരുത്ത്എട്ടാം വയസില്‍ ഇത്രയും സാധിച്ച നിനക്ക് വലുതാകുമ്പോള്‍ ഒരു നൂറു കഥയെങ്കിലും എഴുതാന്‍ കഴിയും  അതില്‍ നിന്ന് ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിക്കുവാനും."

സാര്‍  എന്നെ ചേര്‍ത്ത് പിടിച്ചു തലയില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു
"മിടുക്കന്‍!!നീ നന്നായി വരും."

കമലമ്മ സാര്‍  എന്റെ പുസ്തകം എടുത്ത്  ഓടിച്ചുനോക്കി
"ശരിയാ സാറേ, ഇവനു എഴുതുവാന്‍ കഴിവുണ്ട്
നമുക്ക് അത് വളര്‍ത്തിയെടുക്കണം
ഇന്നുതൊട്ട് അവനു വായിക്കാന്‍ ഓരോ പുസ്തകം കൊടുക്കാം"

കമലമ്മ സാര്‍ അലമാര തുറന്നു
എത്രമാത്രംകഥപുസ്തകങ്ങള്‍ !
ഇതു വരെ ഇങ്ങിനെ ഒന്ന്സ്കൂളിലുണ്ടെന്ന്  ഞങ്ങളാരും അറിഞ്ഞിരുന്നില്ല

കമലമ്മ സാര്‍ അന്ന്  എനിക്ക് തന്ന ആദ്യപുസ്തകം  ഇപ്പോഴും
ഞാന്‍ ഓര്‍ക്കുന്നു
"ശ്രീ കല്ലേലി രാഘവന്‍ പിള്ള" എഴുതിയ "നല്ലകുട്ടി"

ആ പുസ്തകത്തില്‍ വീട്ടില്‍ നിന്നും പൈസമോഷ്ടിച്ച് അരിയുണ്ടയും പഴവും വാങ്ങിത്തിന്ന രാഘവനെ അഛന്‍ തല്ലുന്നു. പിറ്റേന്ന് തല്ലിന്റെ പാടുകള്‍ കണ്ട് അവനെ ടീച്ചര്‍ ആശ്വസിപ്പിക്കുന്ന ഒരു രംഗം വായിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു.

ജീവിതത്തിലാദ്യമായി ഒരു  കഥ വായിക്കവേ പരിസരം മറന്ന്
കഥാ സന്ദര്‍ഭത്തിലേയ്ക്ക് അലിഞ്ഞുചേര്‍ന്ന് കഥ ആസ്വദിച്ച നിമിഷമായിരുന്നു അത്

പിന്നീട് പലപ്പോഴും  ഞാന്‍ വായിക്കുന്ന കഥകളിലെ സംഭവങ്ങള്‍ എനിക്ക് ചുറ്റും സംഭവിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

എന്റെ ആദ്യകഥ യുടെ ഉദ്ഘാടനം 48 വര്‍ഷങ്ങള്‍ക്കുമുന്‍പ് ദൈവം അങ്ങിനെ വലിയ ഒരു  മറക്കാനാവാത്ത അനുഭവമാക്കി മാറ്റി.

തൊമ്മന്‍ സാറും, കമലമ്മസാറും, സരസമ്മ സാറും ദേവകിസാറും
ഹെഡ് മാസ്റ്ററായിരുന്ന ഉദ്ദണ്ഡന്‍ സാറും (ഗോപാലന്‍ നായര്‍ സാര്‍) എല്ലാം കാല യവനികക്കുള്ളില്‍ മറഞ്ഞു.

ബാലന്റെ കുടുംബം ഞങ്ങളുടെ നാട്ടിലെ സ്ഥലം എല്ലാം വിറ്റ് അടിമാലിക്കടുത്ത് ചിത്തിരപുരത്തേയ്ക്ക് പോയി.
പിന്നെ ബാലനെ ഞാന്‍ കണ്ടിട്ടില്ല

എന്നെങ്കിലും ബാലനെ കാണാനിടയായാല്‍  എനിക്ക് പറയണം
"എന്റെ ബാലാ,  അന്നു നീ  കാരണം തൊമ്മന്‍ സാര്‍ എനിക്ക് തന്ന അനുഗ്രഹം ഫലിച്ചെന്ന്. 100ല്‍ കൂടുതല്‍ ബ്ലോഗ് പോസ്റ്റുകള്‍ ഞാന്‍ എഴുതിയതും അതില്‍ നിന്നും ഒരു പുസ്തകം ഉണ്ടായതുമെല്ലാം  അതിന്റെ ബാക്കിയാണെന്ന്  അതുമാത്രമല്ല "ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍"  എന്ന എന്റെ ആദ്യ പ്രസിദ്ധീകൃത പുസ്തകത്തിന്റെ എന്റെ കൈയ്യില്‍ ലഭിച്ച ആദ്യ പ്രതി ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.  അന്ന്അവനു കൊടുക്കാന്‍.

പിന്നെ പണ്ടത്തേപ്പോലെ തോളില്‍കൈയ്യിട്ട്  വിശേഷങ്ങളും പറഞ്ഞ് നടക്കണം.

ശംഖുമുദ്ര പതിപ്പിച്ചിട്ടുള്ള  ഓഫീസ് മുറിയും അരഭിത്തിമാത്രം ഉള്ള ക്ലാസ് റൂമുകളുമുണ്ടായിരുന്ന ഞങ്ങളുടെ കുന്നേല്‍ സ്കൂളിന്റെ (അരുണാപുരം ഗവണ്മെന്റ് എല്‍ പി സ്കൂള്‍) പഴയ കെട്ടിടം നിന്നിരുന്ന സ്ഥലം ഒരുമിച്ച് ഒന്നുകൂടികാണണം.

 അപ്പോള്‍ പ്രായം മറന്ന് ഞങ്ങള്‍ തിരിച്ചുപോകും
വാച്ചില്ലാത്തതിനാല്‍ അരഭിത്തിയുടെ നിഴല്‍  ഞങ്ങള്‍ വരച്ചു വച്ച വരകളില്‍ എത്തുന്നുണ്ടോ എന്ന് ഇടക്കിടയ്ക്ക് നോക്കി ക്ലാസുകള്‍ തീരാനും  പുറത്തേയ്ക്ക് ഓടാനും അക്ഷമരായി കാത്തിരുന്ന ആ  പഴയ നല്ല നാളുകളിലേയ്ക്ക്...!!!
  

മഴപെയ്തൊഴിഞ്ഞപ്പോള്‍ ...!!

 സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്തുവന്നപ്പോള്‍
ഒരു മഴ പെയ്ത് തോര്‍ന്നതുപോലെ.......

ടെന്‍ഷനുകള്‍ ഇല്ലാത്ത ഈ ദിവസങ്ങളില്‍
ഞാന്‍ ഒന്നു തിരിഞ്ഞു നോക്കട്ടെ...................,
കടന്നുപോന്ന വഴിത്താരകളിലേയ്ക്ക്........................

Blogger Template by Blogcrowds